റാഞ്ചി: പരീക്ഷാ ക്രമക്കേടുകൾക്കെതിരേ നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ജില്ലാ ഭരണകൂടം പുറത്തുവിടുന്നില്ലെന്ന് ആരോപണം.
12 ദിവസമായി നിരാഹാരസമരം നടത്തുന്ന മഹാതോയെ ആരോഗ്യനില വഷളായതിനെത്തുടർന്ന് റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിദ്യാർഥി സമരം നടക്കുന്ന ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിലെ സമരവേദിയിലേക്ക് തിരികെ പോകാൻ അനുവദിക്കണമെന്ന് മഹാതോ ആവശ്യപ്പെട്ടു.
ശരീരം ആശുപത്രി കിടക്കയിലാണെങ്കിലും ആത്മാവ് സമരവേദിയിലാണെന്ന് സവിൽ സർജനയച്ച കത്തിൽ മഹാതോ പറഞ്ഞു. മഹാതോയുടെ ആരോഗ്യ വിവരങ്ങൾ മറച്ചുവയ്ക്കുന്നത് എന്തുകൊണ്ടാണെന്നും ആശുപത്രിയിൽ അദ്ദേഹത്തെ കാണാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും സമരക്കാർ ചോദിക്കുന്നു.